03:34am 20 October 2026
NEWS
ആദ്യ പകുതിയിൽ വെറും ആറ് ടച്ചുകൾ; മെസ്സിയെ പന്തിൽ തൊടീക്കാതെ സ്പെയിൻ
20/07/2026  01:47 AM IST
nila
ആദ്യ പകുതിയിൽ വെറും ആറ് ടച്ചുകൾ; മെസ്സിയെ പന്തിൽ തൊടീക്കാതെ സ്പെയിൻ

ന്യൂജഴ്സി: ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ പന്തടക്കത്തിലും മുന്നേറ്റങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തിയത് സ്പെയിനായിരുന്നു. എന്നാൽ ഇരുടീമുകളുടെയും നിരന്തര ശ്രമങ്ങൾക്കൊടുവിലും ആദ്യ ഗോൾ മാത്രം പിറന്നില്ല.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലമീൻ യമാൽ സ്പെയിനിനായി മികച്ച അവസരം സൃഷ്ടിച്ചെങ്കിലും ഫിനിഷിങ് പിഴച്ചു. തുടർന്ന് സ്പാനിഷ് ആക്രമണങ്ങൾ തുടർച്ചയായി അർജന്റീനൻ പ്രതിരോധത്തെ സമ്മർദത്തിലാക്കി. 39-ാം മിനിറ്റിൽ അലക്സ് ബയേന നൽകിയ പാസിൽ ഫാബിയൻ റൂയിസ് മുന്നേറ്റം ഒരുക്കി. തുടർന്ന് ഡാനി ഒൽമോ ഒയാർസബാലിനെ ലക്ഷ്യമിട്ട് നൽകിയ പാസ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് സുരക്ഷിതമായി കൈപ്പിടിയിലൊതുക്കി.

41-ാം മിനിറ്റിൽ സ്പെയിന്റെ അതിവേഗ കൗണ്ടർ അറ്റാക്ക് തടയുന്നതിനിടെ ഒയാർസബാലിനെ ഫൗൾ ചെയ്ത ലിസാൻഡ്രോ മാർട്ടിനസിന് റഫറി മഞ്ഞക്കാർഡ് കാണിച്ചു.

ആദ്യ പകുതിയിൽ 63 ശതമാനം സമയം പന്ത് കൈവശം വച്ചത് സ്പെയിനായിരുന്നു. അർജന്റീനയ്ക്ക് സ്പാനിഷ് പ്രതിരോധത്തെ ഗൗരവമായി പരീക്ഷിക്കാൻ കഴിഞ്ഞില്ല. നായകൻ ലയണൽ മെസിക്ക് ആദ്യ 45 മിനിറ്റിൽ ലഭിച്ചത് വെറും ആറ് ടച്ചുകൾ മാത്രം. അതേസമയം, ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായമേറിയ താരമെന്ന പുതിയ റെക്കോർഡും മെസി സ്വന്തം പേരിലാക്കി.

ഫൈനലിനായി അർജന്റീന പരിശീലകൻ സ്റ്റാർട്ടിങ് ഇലവനിൽ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. റോഡ്രിഗോ ഡി പോൾ തിരിച്ചെത്തിയപ്പോൾ നിക്കോ ഗോൺസാലസും ഗോൻസാലോ മൊണ്ടിയേലും ആദ്യ ഇലവനിൽ ഇടംപിടിച്ചു. ലിയാൻഡ്രോ പരേഡസ്, നഹുവൽ മൊളീന, ജിയോവാനി സിമിയോണി എന്നിവർ പകരക്കാരുടെ ബെഞ്ചിലായിരുന്നു. പരേഡസിന് പകരമായാണ് നിക്കോ ഗോൺസാലസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img